Kerala
കൊല്ല: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിന് ജീവപര്യന്തം. പ്രതി ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി.
കേസിൽ, ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.
ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. 2023 മേയ് 10ന് പുലർച്ചെയാണ് വന്ദന മരിക്കുന്നത്.
സന്ദീപിന്റെ ആക്രമണത്തിൽ മൂന്നു പോലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റിരുന്നു. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
Kerala
കൊച്ചി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിൽ ഒൻപത് പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കോടതി വിട്ടയച്ചത്.
തലശേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ജില്ലാ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്.
Kerala
പത്തനംതിട്ട: സാലമൻ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശിന് ആണ് പത്തനംതിട്ട ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2017 ഓഗസ്റ്റ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട വടശേരിക്കര കോടമലയിൽ ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് കൃത്യമായി റബർ മരങ്ങൾ ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു.
ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പ്രതി പ്രകാശ് സാലമന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൈയും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സാലമനെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായിരുന്നു.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
District News
നെടുങ്കണ്ടം: സഹോദരന്റെ മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. കോട്ടയം കട്ടച്ചിറ കുറ്റിയാനിയില്‍ തങ്കമ്മ (84) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാത്രി 11ഓടെ മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. കമ്പംമെട്ട് നിരപ്പേക്കട ഏറ്റപ്പുറത്ത് സുകുമാരനാണ് (64) കഴിഞ്ഞ 24ന് വീട്ടില്‍വച്ച് ആസിഡ് ആക്രമണത്തിന് ഇരയായി മരിച്ചത്.
സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരനെ തങ്കമ്മ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ആസിഡ് വീണ് തങ്കമ്മക്കും പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കേളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുകുമാരൻ പണയം വച്ച തങ്കമ്മയുടെ സ്വർണാഭരണങ്ങൾ തിരികേ നൽകാഞ്ഞതിനെത്തുടർന്നുള്ള തർക്കമാണ് ആസിഡ് ആക്രണമത്തിൽ കലാശിച്ചത്.
Kerala
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു.
കേസിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. ഇവർക്കു പുറമെ സുജിത്ത്, ടി.കെ. സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 കോടതി പ്രതികളെ വെറുതെ വിട്ടത്. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികൾക്ക് വേണ്ടി സി.കെ. ശ്രീധരനും കെ. വിശ്വനും ഹാജരായി.
2010 മേയ് 28ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെയാണ് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൂന്ന് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടി.പി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്.
14 ദിവസമാണ് കേസിൽ കോടതിയിൽ വിസ്താരം നടന്നത്. വിചാരണയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു. 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 140 രേഖകൾ മാർക്ക് ചെയ്തു. 63 തൊണ്ടി മുതലുകൾ ഹാജരാക്കി.
വിചാരണ വേളയിൽ പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളും വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നു.
Kerala
കോതമംഗലം: ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
കുറുപ്പംപടി സ്വദേശി ശാന്തയുടേതാണ് മൃതദേഹം. ഇവര്‍ ധരിച്ചിരുന്ന 12 പവന് ആഭരണങ്ങളില്‍ ഒന്‍പത് പവന് സ്വർണം നഷ്ടമായിരുന്നു. മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായും വിവരമുണ്ട്. നഷ്ടമായ സ്വര്‍ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
കേസില്‍ പ്രതിയായ ഹോട്ടല്‍ ജീവനക്കാരനായ രാജേഷിനായി അന്വേഷണം തുടരുകയാണ്. ഇരുവരും തമ്മില്‍ കാലങ്ങളായുള്ള സൗഹൃദമാണെന്നാണ് വിവരം.